ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡൽഹിയിൽ നടന്ന പ്രക്ഷോഭങ്ങളെ പ്രതിരോധിക്കാൻ ഡൽഹി പൊലിസ് തീർത്ത സുരക്ഷാ കോട്ടകളും ബാരിക്കേഡുകളും തകർത്തെറിഞ്ഞ് പ്രതിഷേധക്കാർ. ജന്തർ മന്തറിൽ പ്രതിഷേധങ്ങൾക്ക് അനുമതി നിഷേധിക്കുകയും നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും തങ്ങൾ സമരം ചെയ്യുന്ന സ്ഥലമേതാണോ അതാണു ജന്തർ മന്തർ എന്ന പ്രഖ്യാപനവുമായി സമരക്കാർ മുന്നേറുകയായിരുന്നു.
സഞ്ചാര സ്വാതന്ത്ര്യത്തിനു കടിഞ്ഞാൺ
ഡിജിറ്റൽ യുഗത്തിൽ ജന്തർ മന്തറിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് വിച്ഛേദിച്ചും നാല്പതിലധികം മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടും നഗരത്തെ പൂർണമായി സ്തംഭിപ്പിച്ചാണ് അധികൃതർ പ്രതിരോധം തീർത്തത്. പ്രതിഷേധക്കാർ ഒന്നടങ്കം ഒരു സ്ഥലത്ത് ചേരുന്നതു തടയാൻ ഇന്റർനെറ്റ് നിരോധനം അധികൃതരെ സഹായിച്ചു.
വിവിധ സംസ്ഥാനങ്ങളിൽനിന്നു പ്രതിഷേധക്കാർ നിരവധിയായി ഡൽഹിയിലെത്തിയെങ്കിലും എവിടെയാണു സമരം നടക്കുന്നതെന്നോ സമരത്തിന്റെ സ്വഭാവമെന്തെന്നോ പ്രതിഷേധക്കാർക്കു മനസിലാക്കാൻ കഴിഞ്ഞില്ല. ഇവരിൽ പലരെയും അതിർത്തി പോയിന്റുകളിൽനിന്നു പൊലിസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യവുമുണ്ടായി.
അതിർത്തികളിലും വിവിധ സംസ്ഥാനങ്ങളിലുമായി സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട പതിനായിരത്തിധികം അർധസൈനികരുൾപ്പെടെ 25,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രതിഷേധത്തെ നേരിടാൻ അധികൃതർ തലസ്ഥാനത്ത് വിന്യസിച്ചത്. പാർലമെന്റും ഭരണനിർവഹണ സ്ഥാപനങ്ങളുമുൾപ്പെടുന്ന ന്യൂഡൽഹിയിലേക്ക് കയറാനുള്ള ഓരോ വഴിയും കനത്ത സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കിയപ്പോൾ പ്രതിഷേധക്കാരും പൊതുജനങ്ങളുമുൾപ്പെടുന്നവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും അധികൃതർ "വിലങ്ങിട്ടു'. ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ കൂടി അടച്ചതോടെ ജന്തർ മന്തർ സ്ഥിതി ചെയ്യുന്നിടത്തേക്ക് എത്താൻ യാതൊരു മാർഗവുമില്ലാതായി.
പ്രതിഷേധവേദിയായി കൊണാട്ട് സർക്കിൾ
അതിർത്തികളിലടക്കം 25,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയും അർധസൈനികരെയും വിന്യസിച്ചിരുന്നു. ജന്തർ മന്തറിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ടതോടെ സമരക്കാർ ജന്തർ മന്തറിന് 300 മീറ്റർ മാത്രം അകലെയുള്ള കൊണാട്ട് സർക്കിൾ പ്രതിഷേധവേദിയാക്കി.
പുലർച്ചെ മുതൽ ചെറിയ സംഘങ്ങളായി കൊണാട്ട് പ്ലേസിലെത്തിയ പ്രതിഷേധക്കാർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി.
ബിഎൻഎസ് 163-ാം വകുപ്പ് പ്രകാരം ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ച് എത്തിയവരെ പൊലിസ് ലാത്തി വീശിയും ബലപ്രയോഗത്തിലൂടെയും കസ്റ്റഡിയിലെടുത്തെങ്കിലും വിവിധ ഭാഗങ്ങളിൽനിന്ന് ചെറുസംഘങ്ങളായി സമരക്കാർ വീണ്ടും എത്തി പ്രതിഷേധം തുടർന്നു. ബാരിക്കേഡുകളുടെ കോട്ടകളെയും കർശന നിയന്ത്രണങ്ങളെയും മുദ്രാവാക്യം വിളികളിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും പ്രതിഷേധക്കാർ മറികടക്കുന്ന കാഴ്ചയ്ക്കാണ് ഡൽഹി സാക്ഷ്യം വഹിച്ചത്.